പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്തി സമയബന്ധിതമായി പരിഹാരം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക നോർക്ക പോലീസ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ തീരുമാനം. പോലീസ് ആസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്റ്റേഷനിൽ തുടക്കത്തിൽ അൻപതംഗ പ്രത്യേക സേനയെ നിയോഗിക്കും.
ആഭ്യന്തര വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഉടൻ അംഗീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും ലഭിക്കുന്ന പ്രവാസി പരാതികളിലും ഈ പോലീസ് സ്റ്റേഷനാണ് കേസെടുത്ത് അന്വേഷണം നടത്തുക. നിലവിൽ എൻ.ആർ.ഐ. സെൽ മുഖേന കൈകാര്യം ചെയ്യുന്ന പരാതികളാണ് ഇനി നോർക്ക പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരിക.
പ്രവാസികളും തട്ടിപ്പിനിരയായവരും നേരിടുന്ന നിയമസങ്കീർണതകൾ വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യം. പഞ്ചാബിൽ നിലവിലുള്ള സംവിധാനത്തെ മാതൃകയാക്കിയാണ് പുതിയ പോലീസ് സ്റ്റേഷൻ രൂപീകരിക്കുന്നത്. വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, തൊഴിൽ വാഗ്ദാനം നൽകി പണം തട്ടുന്ന കേസുകൾ ഉൾപ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇവിടെ പരിഗണിക്കും.
പുതിയ സംവിധാനത്തിലൂടെ പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ നിയമപരിരക്ഷ ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
