യുഎസിൽ പങ്കാളികളെ വിഷം കൊടുത്തു കൊല്ലുന്ന പ്രവണത വർദ്ധിക്കുന്നു

യുഎസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം രാസ–ജൈവ വിഷങ്ങൾ നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (DHS) മുന്നറിയിപ്പ് നൽകി. വിഷപ്രയോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണ രോഗങ്ങളുമായി സാമ്യമുള്ളതിനാൽ ഇത്തരം കേസുകൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്തതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിൽ ഉദാഹരണമായി കൊളറാഡോയിലെ ഒരു ദന്തഡോക്ടറുടെ കേസ് പരാമർശിക്കുന്നു. ഭാര്യയുടെ പ്രോട്ടീൻ ഷേക്കിൽ സയനൈഡും ആർസെനിക്കും കലർത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്ന് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും സാധാരണ അസുഖമാണെന്ന് കരുതി തിരിച്ചയച്ചിരുന്നു.

സയനൈഡ്, ആന്റിഫ്രീസ്, ഐ ഡ്രോപ്പുകൾ, ഇൻസുലിൻ തുടങ്ങിയവയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരാൻ സാധ്യതയുള്ളതിനാൽ കുട്ടികൾക്കും അയൽക്കാർക്കും രക്ഷാപ്രവർത്തകർക്കും അപകടം ഉണ്ടാകാമെന്നും DHS മുന്നറിയിപ്പ് നൽകി. മെഡിക്കൽ പരിശോധനകളിലും പൊലീസ് അന്വേഷണങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അധികൃതർ നിർദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക