സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ച തീരുമാനം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെയെടുത്തതെന്നാരോപിച്ച് എൽഡിഎഫിൽ വിമർശനം ശക്തമാകുന്നു. നയപരമായ ഇത്തരമൊരു മാറ്റം മുൻകൂർ ചര്‍ച്ച ചെയ്യാത്തതിൽ അസന്തോഷമുണ്ടെങ്കിലും, മുന്നണി അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണിതെന്ന വിശദീകരണമാണ് എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബാർ ഉടമകളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. 2025 സെപ്റ്റംബറിൽ Federation of Kerala Hotel Association സമർപ്പിച്ച അപേക്ഷ മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
പുതിയ ഉത്തരവുപ്രകാരം രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം സമയം നീട്ടിയിട്ടുണ്ട്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെ ആയിരുന്ന പ്രവർത്തന സമയം ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ ആയിരിക്കും.
മുമ്പ് ടൂറിസം മേഖലകളിലെ ബാറുകൾക്ക് മാത്രമായിരുന്നു രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നത്. കൂടാതെ, മൈസ് ടൂറിസം ഇവന്റുകൾ നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകൾക്ക് പുലർച്ചെ 3 വരെ പ്രവർത്തിക്കാനാകും. അതിനായി വാർഷിക ലൈസൻസ് ഫീസിനൊപ്പം അധികമായി അഞ്ച് ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്.
