‘വന്ദേ മാതരം’ അടിച്ചേൽപ്പിക്കരുത്; ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം: ശശി തരൂർ

‘വന്ദേ മാതരം’ പാടുന്നത് ആരുടെയും മേൽ നിർബന്ധമാക്കരുതെന്നും ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദി ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ‘വന്ദേ മാതരം’ പാടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ പാടാതിരിക്കാനും സമാന സ്വാതന്ത്ര്യം വേണമെന്നും തരൂർ അഭിപ്രായപ്പെട്ടു.

ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘വന്ദേ മാതരം’ സ്വാതന്ത്ര്യ സമരകാലത്ത് വിപ്ലവകാരികൾക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പിന്നീട് ഇത് വിവാദങ്ങൾക്ക് വഴിവെച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ ‘ജനഗണമന’യെ ദേശീയ ഗാനമായും ‘വന്ദേ മാതരം’ ദേശീയ ഗീതമായും അംഗീകരിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതോ പാടാത്തതോ ദേശസ്നേഹം ഇല്ലാത്തതിനാലല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിട്ടുണ്ടെന്നും, അതേ മാതൃക ‘വന്ദേ മാതരം’ വിഷയത്തിലും പാലിക്കേണ്ടതാണെന്നും തരൂർ ലേഖനത്തിൽ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക