സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യത്തിന് ഇതുവരെ സന്നദ്ധത അറിയിക്കാതെ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പാർട്ടിക്ക് വലിയ സ്വീകാര്യത നേടിക്കൊടുക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലാണ് മുല്ലപ്പള്ളിയെ പരിഗണിച്ചിരുന്നത്. എന്നാൽ കൊയിലാണ്ടിയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മലബാറിൽ യുഡിഎഫ് സ്ഥാനാർഥി പട്ടികയ്ക്ക് ശക്തമായ സ്വീകാര്യത ലഭിക്കാനായി മുതിർന്ന നേതാവായ മുല്ലപ്പള്ളി മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈഴവ സമുദായത്തിലെ പിന്തുണയും ഇതിലൂടെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനായി 40 പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക സ്ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. സിറ്റിങ് എംഎൽഎമാരും സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഏകോപനമായ മണ്ഡലങ്ങളിലെ പേരുകളും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടും. അടുത്ത ആഴ്ച കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത. സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
