നുണപ്രചാരണങ്ങൾക്കു പകരം സംസ്ഥാനത്തിന്റെ വികസന ചർച്ചകൾക്ക് തയ്യാറാകാൻ വിഡി സതീശൻ സന്നദ്ധനാണോ: എംഎ ബേബി

കേരളത്തിൽ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകൾ നടത്തിയത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്ന് എംഎ ബേബി . കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സർക്കാരുകളുടെ ഭരണകാലത്ത് തൊഴിലില്ലായ്മ വർധിച്ചതായും അദ്ദേഹം ആരോപിച്ചു. കേരള മാതൃകയെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ വർഗീയ അജണ്ടകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും, സിനിമകളെപ്പോലും അതിന് ആയുധമാക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന വിഷയങ്ങളിൽ വിമർശനങ്ങളോടൊപ്പം സഹകരണത്തിനും പ്രതിപക്ഷം തയ്യാറാകണമെന്ന് എം.എ. ബേബി ആവശ്യപ്പെട്ടു. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയിൽ 40 ശതമാനം യു.ഡി.എഫ് പഞ്ചായത്തുകൾ സഹകരിച്ചിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള ക്രിയാത്മക സമീപനം പ്രതിപക്ഷ നേതാവിൽ നിന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

നുണപ്രചാരണങ്ങൾക്കു പകരം സംസ്ഥാനത്തിന്റെ വികസന ചർച്ചകൾക്ക് തയ്യാറാകാൻ വിഡി സതീശൻ സന്നദ്ധനാണോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ ആരോഗ്യകരമായ വിമർശനം നടത്തണമെന്നും പ്രതിപക്ഷത്തിന്റെ ജോലി ഏറ്റെടുക്കാതെ പക്വത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക