തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്ത് വലിയ ആവേശമാണ് ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാലക്കാടും തൃശൂരും നടത്തിയ പ്രചാരണങ്ങളിൽ ബിജെപിക്ക് അനുകൂലമായ തരംഗം വ്യക്തമായതായി അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം കുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഭരിച്ചാലും കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും തന്നെ തിരഞ്ഞെടുത്തേക്കും എന്ന ധാരണ തിരുവനന്തപുരം തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ സഞ്ജു സാംസൺ ടീമിനായി പ്രകടനം ഉയർത്തിയതുപോലെ പ്രവർത്തകരും പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തിരഞ്ഞെടുപ്പിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും, അഹോരാത്രം പ്രവർത്തിച്ച് ബിജെപിയെ വിജയത്തിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫും യുഡിഎഫും അഴിമതിയും വർഗീയതയും പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ സ്വർണം മോഷ്ടിക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്തുവെന്നും, സഹകരണ ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്നത്തെ കോൺഗ്രസ് ഗാന്ധിയുടേതല്ലെന്നും, മറിച്ച് മാവോയിസ്റ്റുകളും മുസ്ലീം ലീഗും ചേർന്ന രൂപമാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിനായി തീവ്രവാദ ശക്തികളോട് കൂട്ടുകൂടുന്ന നിലപാടാണ് കോൺഗ്രസിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
