ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമാണമെന്ന കെ സി വേണുഗോപാലിന്റെത് വ്യാജ ആരോപണം: എംവി ഗോവിന്ദൻ മാസ്റ്റർ

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റം കൈവരിച്ച് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ നിന്നുള്ള വിലയിരുത്തലുകൾ അതിന് അനുകൂലമാണെന്നും, യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും എൽഡിഎഫിന് അനുകൂലമായ ഫലമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

നവകേരളം സൃഷ്ടിക്കാനുള്ള വ്യക്തമായ നിർദേശങ്ങളടങ്ങിയതാണ് എൽഡിഎഫ് പ്രകടനപത്രികയെന്നും, വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നതാണ് എൽഡിഎഫ് ഗ്യാരണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടും അദ്ദേഹം വിമർശനം ഉന്നയിച്ചു. പണി പൂർത്തിയായ ശേഷം മാത്രമേ കണക്ക് വെളിപ്പെടുത്തൂ എന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പണം ജോയിന്റ് അക്കൗണ്ടിലാണെന്ന് പറയുമ്പോൾ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ദുരന്തത്തെ ഉപയോഗിച്ച് പണം ശേഖരിച്ചിട്ടും അത് എവിടെയാണെന്ന് വ്യക്തമാക്കാത്തതായും അദ്ദേഹം ആരോപിച്ചു. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട തുകയിലും വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചുവെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തെളിവും ഇല്ലാതെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതാണെന്നും, ഇത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം വിമർശിച്ചു.

ടി.കെ. ഗോവിന്ദന്റെ പരാമർശങ്ങളും തള്ളിക്കളഞ്ഞ അദ്ദേഹം, വ്യക്തിപരമായ ആരോപണങ്ങൾ തെളിവോടെ ഉന്നയിച്ചാൽ അതിന് മറുപടി നൽകാമെന്നും വ്യക്തമാക്കി. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

മറുപടി രേഖപ്പെടുത്തുക