സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പേരിൽ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ; പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദ്ദേശം

സോഷ്യൽ മീഡിയയായ ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പേരിൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എടുത്ത അച്ചടക്ക നടപടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കുന്നത്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ യാതൊരുവിധ പരാതിയും നൽകിയിരുന്നില്ല. പുറത്തുനിന്നുള്ള ചില വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പ്രിൻസിപ്പലിനെതിരെ സസ്‌പെൻഷൻ നടപടിയെടുത്തത്.

ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകനെതിരെ ഇത്തരമൊരു കടുത്ത നടപടിയുണ്ടായത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സസ്‌പെൻഷൻ പിൻവലിച്ച് അദ്ദേഹത്തിന് അന്തസ്സോടെ വിരമിക്കാനുള്ള അവസരമൊരുക്കാൻ മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിന് കർശന നിർദ്ദേശം നൽകിയത്.

തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിലോ സോഷ്യൽ മീഡിയ പോസ്റ്റുകളിലോ പ്രതികാര മനോഭാവത്തോടെയുള്ള നടപടികൾ ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഈ തീരുമാനത്തിലൂടെ വ്യക്തമാക്കിയത്.

മറുപടി രേഖപ്പെടുത്തുക