അയല്‍ സംസ്ഥാനത്ത് കാര്‍ ഫാക്ടറി വരുമ്പോള്‍ കേരളത്തില്‍ വന്നത് മിന്നല്‍ ബ്രാന്‍ഡി: കെസി വേണുഗോപാല്‍

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാര്‍ ഫാക്ടറിയും ഐടി ഹബ്ബും എ ഐ ടെക്നോളജിയും വരുമ്പോള്‍ കേരളത്തില്‍ വന്നത് ‘മിന്നല്‍ മാജിക് ‘ ബ്രാന്‍ഡി ഇറക്കി പിണറായി സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

‘പിണറായിക്കാലം തീവിലക്കാലം, കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അമ്മമാര്‍ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഏതു സര്‍ക്കാരിന്റെ കാലത്തും വിലക്കയറ്റം ഉണ്ടാകാമെങ്കിലും അതിനെ നിയന്ത്രിക്കുന്നതിലാണ് പ്രാധാന്യം. അതിന് കമ്പോളത്തില്‍ ഇടപെടണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 13 അവശ്യ സാധനങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തി വില നിയന്ത്രിച്ചു. ഇന്ധനവില കേന്ദ്രം വര്‍ദ്ധിപ്പിച്ച ഘട്ടത്തില്‍ അത് കുറയ്ക്കാന്‍ നടപടി എടുത്തു. വീട്ടമ്മാരുടെ വേദന സ്വന്തം വേദനായി കാണുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി പിണറായി സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിച്ചില്ലെന്നു മാത്രമല്ല, പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്തുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

സമരത്തിന്റെ രണ്ടാംഘട്ടമായി ജില്ലകളില്‍ ഉപവാസവും ബ്ലോക്ക് മണ്ഡലം തലങ്ങളില്‍ ധര്‍ണയും വനിതാ ദിനമായ മാര്‍ച്ച് 8ന് വാര്‍ഡ് തലങ്ങളില്‍ വഞ്ചനാദിനവും ആചരിക്കുമെന്ന് വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി പറഞ്ഞു.

മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ശക്തന്‍, എം എല്‍ എമാരായ ഉമ തോമസ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, സി ആര്‍ മഹേഷ്, എം വിന്‍സന്റ്, കെ പി സി സി നേതാക്കളായ പാലോട് രവി, ചെറിയാന്‍ ഫിലിപ്പ്, വി എസ് ശിവകുമാര്‍, എം എ വാഹിദ്, പന്തളം സുധാകരന്‍, അബ്ദുല്‍ മുത്തലിബ്, പഴകുളം മധു, നെയ്യാറ്റിന്‍കര സനല്‍, ആര്‍ ലക്ഷ്മി, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രി വി നായര്‍ എന്നിവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക