കേരളത്തിൽ എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാജയഭീതി കോൺഗ്രസ് പാർട്ടിയെ ഭ്രാന്ത് പിടിച്ച നിലയിലേക്ക് തള്ളിയിരിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ മന്ത്രിയെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വീടിന് മുന്നിൽ ദിവസങ്ങൾക്ക് മുൻപ് റീത്ത് വച്ചതും, വീണ്ടും അങ്ങനെ ചെയ്യുമെന്ന് കോൺഗ്രസ് സംഘടനകൾ പ്രഖ്യാപിച്ചതും അപായ സൂചനകളായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്നുണ്ടായ സംഭവം മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും മന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കുകയാണെന്നും, ആരുടെ പ്രേരണയിലാണ് ഇത്തരം അക്രമങ്ങൾ നടക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നതായും എം.ബി. രാജേഷ് പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്തവരെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകാത്തത്, അവരുടെ നിർദ്ദേശപ്രകാരം തന്നെയാണ് അക്രമം നടന്നതെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപരിപാടിയിൽ പ്രതിഷേധിച്ചതിന് പിന്നാലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രിയെ ആക്രമിച്ചതായും, ഈ സംഭവത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെ.എസ്.യു പ്രവർത്തകരടങ്ങിയ സംഘം ആരോഗ്യ മന്ത്രിക്കെതിരെ അതിക്രമം നടത്തിയതായും അദ്ദേഹം ആരോപിച്ചു.
