കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുൻ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു സംഭാഷണം. കോടതി വിധിയിൽ കെജ്‌രിവാളിനെ അഭിനന്ദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച വിഷയവും ഇരുവരും ചർച്ച ചെയ്തതായി വ്യക്തമാക്കുന്നു. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്റെ അധികാര ദുർവിനിയോഗ രീതിക്കേറ്റ തിരിച്ചടിയാണിത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഈ വിധി ബിജെപിക്കു മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപിയെ പിന്തുണച്ച കോൺഗ്രസിനും തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ആയുധമാക്കി ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് കോടതി ചോദ്യം ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെളിവുകൾ പര്യാപ്തമല്ലാതെ പ്രതിചേർത്തതിനെതിരെ സിബിഐക്കെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ ജനവിധിയെ അട്ടിമറിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും, അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. മദ്യനയ അഴിമതി ആരോപണത്തിൽ 2022 ജൂണിൽ അന്നത്തെ ഡൽഹി പിസിസി പ്രസിഡന്റ് നൽകിയ പരാതികളാണ് തുടർനടപടികൾക്ക് വഴിവച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെ കോൺഗ്രസ് സ്വാഗതം ചെയ്തതും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതും മുഖ്യമന്ത്രി പരാമർശിച്ചു. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികളെ അടിസ്ഥാനമാക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം ആരോപിച്ചു. ആം ആദ്മി പാർട്ടി സർക്കാരിനെതിരെ ബിജെപിയുമായി ചേർന്ന് കോൺഗ്രസ് പ്രവർത്തിച്ചുവെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം.

മറുപടി രേഖപ്പെടുത്തുക