അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒരു ഭീകരവാദിയാണ്: എം.വി ഗോവിന്ദൻ മാസ്റ്റർ

പശ്ചിമേഷ്യയിൽ പുതിയൊരു സാഹചര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ . ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വ നയങ്ങൾക്ക് എതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നും നാളെയും യുദ്ധവിരുദ്ധ റാലികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ യുദ്ധത്തിലേക്ക് തള്ളിക്കൊണ്ടുപോകാനുള്ള പദ്ധതികളാണ് അമേരിക്കൻ സാമ്രാജ്യത്വം നടപ്പാക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, അതിന്റെ ധാർഷ്ട്യം ഡൊണാൾഡ് ട്രംപ് മുഖേന ലോകമെമ്പാടും പ്രകടമാകുകയാണെന്നും വിമർശിച്ചു.

ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമാധാനത്തിന്റെ പേരിൽ ഒരു ജനതയെ ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും, ഇസ്രയേലിന്റെ ആക്രമണം ഏകപക്ഷീയമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭീകരവാദ മനോഭാവം പുലർത്തുന്നുവെന്നാരോപിച്ച അദ്ദേഹം, ഇറാന്റെ പ്രതിരോധത്തെ ചെറുത്തത് ഇസ്രയേൽ അല്ല, അമേരിക്കൻ യുദ്ധക്കപ്പലുകളാണെന്നും ആരോപിച്ചു. ആക്രമണങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും, ഏത് രാജ്യത്തെയും ആക്രമിക്കാനും രാഷ്ട്രത്തലവന്മാരെ ലക്ഷ്യമിടാനും അമേരിക്കൻ സാമ്രാജ്യത്വം അവകാശം കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക