മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം മാറ്റി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് ഇറങ്ങാൻ തയ്യാറാണെന്ന് ശ്രീലേഖ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ നിന്ന് സ്ഥാനാർത്ഥിയാകാമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അഞ്ചുവർഷം മറ്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്നായിരുന്നു ശ്രീലേഖയുടെ മുൻ നിലപാട്. പക്ഷെ ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് പരിഷ്കരിച്ചിരിക്കുകയാണ്. “ഇനി കേരളം ബിജെപി ഭരിക്കണം; എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ശ്രീലേഖയുടെ അതൃപ്തി പരിഹരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തുടർച്ചയായി ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്ത് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കിയിരുന്നു. പിന്നാലെ വട്ടിയൂർക്കാവിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
ശാസ്തമംഗലം വാർഡിൽ അഞ്ച് വർഷത്തേക്കാണ് താൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതെന്നും, അവിടുത്തെ പ്രവർത്തനമാണ് തന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും ചൂണ്ടിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നായിരുന്നു മുൻപ് ശ്രീലേഖ പറഞ്ഞിരുന്നത്. ഇപ്പോൾ പാർട്ടി നിർദേശിച്ചാൽ മത്സരിക്കാമെന്ന പുതിയ നിലപാടാണ് അവർ വ്യക്തമാക്കുന്നത്.
