ഒന്നര വർഷത്തിനകം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും കേരളം: മന്ത്രി എം.ബി. രാജേഷ്

ഒന്നര വർഷത്തിനുള്ളിൽ കേരളത്തെ മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതുവരെ 1591.28 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ആദ്യ നൂറ് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ ഇടംപിടിച്ചതും വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്തെ മികവിന് മട്ടന്നൂർ മുനിസിപ്പാലിറ്റിക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചു. ബ്രഹ്മപുരത്തിൽ ആദ്യ സി.ബി.ജി പ്ലാന്റ് പൂർത്തിയായി. പാലക്കാട്ടെ പ്ലാന്റ് നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും കോഴിക്കൂട് കൊല്ലം, ചെങ്ങനാശ്ശേരി എന്നിവിടങ്ങളിൽ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 59 മാലിന്യ കൂമ്പാരങ്ങളിൽ 24 എണ്ണം പൂർണ്ണമായും ഇല്ലാതാക്കിയതായി മന്ത്രി അറിയിച്ചു. ഇതിലൂടെ 70 ഏക്കർ ഭൂമി വീണ്ടെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 100 ടൺ സാനിറ്ററി മാലിന്യവും സംസ്കരിക്കാൻ കഴിയുന്ന തരത്തിൽ ആറുമാസത്തിനകം സംസ്ഥാനത്ത് പൂർണ്ണ ശേഷി കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യ നിർമ്മാർജ്ജനത്തിനൊപ്പം അതിദാരിദ്ര്യ നിർമ്മാർജ്ജനവും സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ടത്തിനായുള്ള വിശദമായ മാർഗരേഖ തയ്യാറായിട്ടുണ്ടെന്നും ഈ ലക്ഷ്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക