മന്ത്രി ജോർജിനെതിരായ വധശ്രമക്കേസ്‌ ; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആക്രമണം നടത്തിയെന്ന കേസിൽ പ്രതികളായ കെഎസ്‌യു നേതാക്കൾക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വധശ്രമക്കേസിൽ അഞ്ച് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് കഴുത്തിന് ക്ഷതമേറ്റുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിച്ചുവെന്നതിന് വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് സാധിക്കാത്തത് പ്രോസിക്യൂഷൻ വാദത്തെ ദുർബലമാക്കിയതായി വിലയിരുത്തപ്പെടുന്നു. ഇതോടെയാണ് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം ലഭിക്കാൻ വഴി തെളിഞ്ഞത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി എത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം ഉണ്ടായത്. റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെയാണ് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്.

മറുപടി രേഖപ്പെടുത്തുക