വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായിരുന്ന അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അവരെ സ്വീകരിച്ചു.
പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത, വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. ബിഡിജെഎസ് സീറ്റ് വിട്ടുനൽകിയതിനെത്തുടർന്ന് വർക്കലയിൽ ബിജെപി തന്നെ മത്സര രംഗത്തിറങ്ങുകയാണ്. ബ്ലോക്ക് പഞ്ചായത്തംഗ സ്ഥാനത്ത് നിന്ന് രാജിവച്ച ശേഷമാണ് സ്മിതയുടെ പാർട്ടി മാറ്റം.
സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പ്രതികരിച്ചു. പാർട്ടിയിൽ വ്യക്തി താൽപര്യങ്ങളും സ്വാർഥതയും മാത്രമാണെന്ന് അവർ ആരോപിച്ചു. നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് ആകർഷിച്ചതിനാലാണ് ബിജെപിയിലേക്ക് എത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
