തന്ത്രപരമായി നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില കപ്പലുകളിൽ നിന്ന് ഇറാൻ ട്രാൻസിറ്റ് ഫീസ് ഈടാക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. ഏകദേശം 2 മില്യൺ ഡോളർ (ഏകദേശം 18.8 കോടി രൂപ) വരെയാണ് ഫീസ് നിശ്ചയിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന സംഘർഷത്തിനിടെ സമുദ്ര പാതയിൽ നിയന്ത്രണാവകാശം ഉറപ്പിക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കടലിടുക്കിലേക്കുള്ള പ്രവേശനം സംബന്ധിച്ച് വിശദീകരിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. എതിരാളികളായ രാജ്യങ്ങളെ ഒഴിവാക്കി ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഇറാൻ ഇന്റർനാഷണൽ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ നയം ഇതിനകം നടപ്പിലാക്കിയതായി ഇറാനിയൻ നിയമനിർമ്മാതാവ് അലാഇദ്ദീൻ ബോറോജെർഡി പറഞ്ഞു. ജലപാത നിയന്ത്രണത്തിൽ കൂടുതൽ അധികാരം ഉറപ്പിക്കുന്ന പുതിയ “പരമാധികാര ഭരണരീതി”യുടെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
“കടലിടുക്ക് വഴി കടന്നുപോകുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ഫീസ് ഈടാക്കുന്നത് ഇറാന്റെ ശക്തിയുടെ പ്രതിഫലനമാണ്,” ബോറോജെർഡി പറഞ്ഞു. യുദ്ധ സാഹചര്യത്തിൽ ചെലവുകൾ വർധിക്കുന്നതിനാൽ ഇത്തരം നടപടികൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും, നാവിഗേഷൻ തുടരുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ യുദ്ധകാല സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നാവിഗേഷൻ സ്വാതന്ത്ര്യത്തെയും സമുദ്ര സുരക്ഷയെയും ഇറാൻ എല്ലായ്പ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും വർഷങ്ങളായി അതിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, യുഎസും ഇസ്രായേലും നടത്തിയ സൈനിക ആക്രമണങ്ങൾ ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും അപകടകരമായ സാഹചര്യം സൃഷ്ടിച്ചതായും ഇത് പ്രാദേശിക ഷിപ്പിംഗ് സുരക്ഷയെ ബാധിക്കുന്നതായും ഇറാൻ ആരോപിച്ചു.
