കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർകുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരായ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കമ്മീഷന്റെ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്ന് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽ അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിമർശനങ്ങൾ മാന്യതയുടെ പരിധി ലംഘിക്കാതെയും അപകീർത്തികരമാകാതെയും വ്യക്തിപരമായ ആക്രമണങ്ങളിലേക്കു വഴിമാറാതെയും തുടരുന്നിടത്തോളം അവയെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ ബഹുമാന്യത എപ്പോഴും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനായി കമ്മീഷൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ രാഷ്ട്രീയ നിഷ്പക്ഷത പ്രകടമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ പ്രവർത്തിച്ചാൽ മാത്രമേ കമ്മീഷന് യഥാർത്ഥ ബഹുമാന്യത നിലനിർത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണ പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച സർകുലർ മറ്റ് പാർട്ടികൾക്ക് കൈമാറിയ സംഭവം ഒരു സാധാരണ ഉദ്യോഗസ്ഥ പിഴവായി മാത്രം കാണാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരുടെ പരിശോധന കൂടാതെ ഇത്തരം പ്രധാന ആശയവിനിമയങ്ങൾ പുറത്തുവിടുന്നത് യാദൃശ്ചികമായ വീഴ്ചയായി കാണാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തലത്തിൽ അന്വേഷണം നടക്കുമെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും അറിയിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
