ഹരിയാനയിലെ സീറ്റ് നൽകാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ ഗൗരവ് കുമാറിന്റെ പരാതിയിലാണ് നടപടി. ഹരിയാന മഹിളാ കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവായ ഗൗരവ് കുമാർ, സീറ്റ് നൽകാമെന്ന് പറഞ്ഞ് കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കം നേതാക്കൾ പണം തട്ടിയെന്നാണ് ആരോപണം ഉന്നയിച്ചത്.
സീറ്റ് ലഭിക്കാതായതിനെ തുടർന്ന് നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതോടെ ഗൗരവ് കുമാർ വ്യാഴാഴ്ച ഡൽഹിയിൽ എത്തി. രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമത്തിന് എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു.
കെ.സി. വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള നേതാക്കളും അനുയായികളും ചേർന്ന് ഹരിയാനയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് ഏഴുകോടി രൂപ തട്ടിയെന്നാണ് ഗൗരവ് കുമാറിന്റെ ആരോപണം. ഇതിന് പിന്തുണയായി ബാങ്ക് രേഖകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവയും അദ്ദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതിയിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. വിഷയത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
