എഫ്സിആർഎ നിയമഭേദഗതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും, ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
“ബിൽ കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ക്രൈസ്തവ സഹോദരങ്ങൾക്ക് ആശങ്ക വേണ്ട. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങൾ കേൾക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ മാത്രം ആശങ്കപ്പെടേണ്ടതുണ്ട്. എഫ്സിആർഎ വിഷയത്തിൽ പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണ്,” എന്ന് റിജിജു പറഞ്ഞു.
അതേസമയം, എഫ്സിആർഎ നിയമഭേദഗതി ബിൽ ന്യൂനപക്ഷങ്ങളിൽ ഭയം സൃഷ്ടിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ബിൽ പിൻവലിക്കുമോ എന്നാണ് കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് ജനങ്ങൾ ചോദിക്കുന്നതെന്നും, നാളത്തെ പ്രസംഗത്തിൽ അതിന് മറുപടി ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
ബിജെപി നേതാക്കളുടെ ക്രിസ്തീയ ഭവന സന്ദർശനങ്ങൾ ആത്മാർത്ഥതയില്ലാത്ത രാഷ്ട്രീയ നാടകമാണെന്നും, അത് “ചെന്നായ ആട്ടിൻ തോലിട്ട് കളിക്കുന്നതുപോലുള്ള” നടപടിയാണെന്നും ബിനോയ് വിശ്വം കടുത്ത വിമർശനം ഉന്നയിച്ചു.
