പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. 2021ലെ തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഭവന നിർമാണ രംഗത്ത് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി ഏകദേശം 20 ലക്ഷം ആളുകൾക്ക് സുരക്ഷിത താമസം ഉറപ്പാക്കിയതായി റിപ്പോർട്ട് പറയുന്നു. ലൈഫ് മിഷനോടൊപ്പം പുനർഗേഹം പദ്ധതിയിലൂടെ 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയതായും വ്യക്തമാക്കുന്നു.
അറുപതിനായിരത്തിലധികം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയതായും, ജപ്തി ഭീഷണി നേരിടുന്നവർക്കായി ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെ-സ്മാർട്ട് സംവിധാനം വഴി 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കിയതായും, പി.എസ്.സി അപേക്ഷാ പ്രായപരിധി ഉയർത്തി 3,13,202 നിയമനങ്ങൾ നടപ്പാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കെ-ഡെസ്ക് വഴി 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കുകയും ചെയ്തുവെന്നും വ്യക്തമാക്കുന്നു. കൂടാതെ, കണക്ട് ടു വർക്ക് പദ്ധതിയിലൂടെ 75,366 പേർക്ക് സാമ്പത്തിക സഹായം നൽകിയതായും റിപ്പോർട്ട് പറയുന്നു.
വയനാട്ടിൽ 178 വീടുകൾ പൂർത്തിയാക്കിയതായും സംസ്ഥാനത്ത് വിവിധ വികസന പദ്ധതികൾ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി 150 കോടി രൂപ അനുവദിച്ചതും, വയനാട് തുരങ്കപാതയും വിഴിഞ്ഞം പദ്ധതിയും പ്രധാന നേട്ടങ്ങളായി എടുത്തുകാട്ടി.
കെ-റെയിൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, അത് നടപ്പാക്കരുതെന്ന നിലപാട് യുഡിഎഫും ബിജെപിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
