ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശമിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഇറാനും യുഎസും തമ്മിലുള്ള പ്രതിനിധി ചർച്ചകൾ തിങ്കളാഴ്ച ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നാണ് വിവരം.
സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അതിനായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു.
എന്നാൽ, ഈ പോസ്റ്റിനെ ചുറ്റിപ്പറ്റി വിവാദങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്. പോസ്റ്റിലെ കാര്യങ്ങൾ എല്ലാം ഡൊണാൾഡ് ട്രംപ്ന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്നു. ഷെരീഫ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കൂടാതെ, പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അതിൽ എഡിറ്റുകൾ നടത്തിയതും ശ്രദ്ധേയമായി. ആദ്യം “ഡ്രാഫ്റ്റ്-എക്സ്- പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സന്ദേശം” എന്ന കുറിപ്പ് പോസ്റ്റിന്റെ മുകളിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് ഇത് നീക്കം ചെയ്തതോടെ, കോപ്പി-പേസ്റ്റ് പിശകാണോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇടപെടലുണ്ടായോയെന്ന സംശയം ഉയർന്നു.
ഇതിനിടെ, ഈ ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
