നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.
സ്വന്തം സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത എല്ലാ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നതായി മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇത്തവണ പ്രചാരണത്തിന് വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും, കടുത്ത വേനല്‍ച്ചൂടിനെയും അവഗണിച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍ കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വലിയ പ്രക്രിയ വിജയകരമായി നടത്താന്‍ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്-കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക അഭിനന്ദനവും അദ്ദേഹം അറിയിച്ചു.
കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും ജനപങ്കാളിത്തത്തെയും വീണ്ടും പ്രശംസിച്ച മുഖ്യമന്ത്രി, “നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി” എന്ന സന്ദേശത്തോടെയാണ് പ്രതികരണം സമാപിപ്പിച്ചത്.
