ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ഒന്നിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല; സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിച്ച് പി.പി. ദിവ്യ

സിപിഎമ്മുമായുള്ള അകൽച്ചയുടെ സൂചനകൾ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന സന്ദേശമാണ് ദിവ്യ പങ്കുവച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള തുടർ കുറിപ്പുകൾക്ക് മുന്നോടിയായാണ് പോസ്റ്റ് പങ്കുവച്ചതെന്നാണ് വിവരം.

ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ഒന്നിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും അത് ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ദിവ്യ കുറിപ്പിൽ പറയുന്നു. ജീവിതം പഠിപ്പിച്ച വലിയൊരു പാഠമാണിതെന്ന് ബുദ്ധന്റെ കഥ ഉദ്ധരിച്ചുകൊണ്ട് അവർ വ്യക്തമാക്കി. നീതി വൈകിയേക്കാമെങ്കിലും സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നു.

നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെ പാർട്ടിയിൽ തിരിച്ചടി

കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ അപ്രതീക്ഷിത ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്. തുടർന്ന് പാർട്ടിതല അന്വേഷണത്തിനുശേഷം അവരെ പാർട്ടിയിലെ പദവികളിൽനിന്ന് തരംതാഴ്ത്തിയിരുന്നു.

അടുത്തിടെ നടന്ന സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഭവവികാസങ്ങൾക്കു പിന്നാലെയാണ് സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന ഫെയ്‌സ്ബുക്ക് കുറിപ്പുമായി ദിവ്യ രംഗത്തെത്തിയത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ സൂചനയായാണ് കുറിപ്പ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക