അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്ത്. ഇറാനിലേക്ക് രഹസ്യമായി ആയുധങ്ങൾ നൽകുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രസ്താവനയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്.
“ഞങ്ങളുടെ ശത്രുക്കൾക്ക് നിങ്ങൾ ആയുധങ്ങൾ നൽകുകയാണെങ്കിൽ, ഞങ്ങൾ ഇങ്ങളെ വെറുതെ വിടില്ല ,” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി തടയാൻ ഇറാൻ നടത്തുന്ന ശ്രമങ്ങളിൽ സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായാൽ സൈനിക നടപടികൾക്കും പിന്നോട്ടില്ലെന്ന സൂചനയും നൽകി.
ഇറാനുമായി വ്യാപാരബന്ധം തുടരുന്ന ചൈനീസ് കമ്പനികൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും, അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കാലയളവിൽ ഇറാനെ ചൈന സഹായിക്കുന്നതിലൂടെ അമേരിക്കൻ സേനയ്ക്ക് ഭീഷണി ഉയരുന്നുവെന്നാണ് യുഎസിന്റെ വിലയിരുത്തൽ.
അതേസമയം, ഈ ആരോപണങ്ങൾ ചൈന ശക്തമായി തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് ആയുധസഹായം നൽകിയിട്ടില്ലെന്നും അമേരിക്കയിലെ ചൈനീസ് എംബസി വ്യക്തമാക്കി. സെൻസേഷണലിസത്തിനായി ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
