ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി

ക്രൈസ്തവ സഭകളുടെ നിലപാടിനെ വിമര്‍ശിച്ച് ആർഎസ്എസ് മുഖപത്രമായ ‘കേസരി’യില്‍ ലേഖനം പ്രസിദ്ധീകരിച്ചു. “സഭകള്‍ വിരട്ടുന്നത് ആരെ” എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ജി.കെ. സുരേഷ് ബാബു ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും എല്ലായ്പ്പോഴും സൗഹാര്‍ദ്ദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ലേഖനം പറയുന്നു. എന്നാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബിജെപി നേതൃത്വത്തോട് പരസ്യമായി അടുപ്പം പുലര്‍ത്തുകയും പിന്നീട് രഹസ്യമായി എതിര്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതാണ് സഭകളുടെ രീതിയെന്ന് അദ്ദേഹം ആരോപിക്കുന്നു.

മെത്രാന്മാരും സഭാ ഭാരവാഹികളും ബിജെപിയെ ഒരിക്കലും തുറന്നുപിന്തുണച്ചിട്ടില്ലെന്നും, മറിച്ച് എല്ലായ്പ്പോഴും ബിജെപിയെയും സംഘപരിവാറിനെയും എതിര്‍ത്തവരാണെന്നും ലേഖനത്തില്‍ പറയുന്നു. ഇപ്പോൾ എഫ്‌സിആർഎ നിയമഭേദഗതിക്കെതിരെ രംഗത്തെത്തുന്നത് ‘രക്തസാക്ഷി’ പരിവേഷം സൃഷ്ടിക്കാനാണെന്നും വിമര്‍ശനമുണ്ട്.

മതപരിവര്‍ത്തനമാണ് ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ പ്രധാന ഭിന്നതയ്ക്ക് കാരണമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരും സജീവമാണെന്നുമാണ് ലേഖനത്തിലെ മറ്റൊരു വിമര്‍ശനം.

മറുപടി രേഖപ്പെടുത്തുക