കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെ ശക്തമായി വിമർശിച്ച് കെ. മുരളീധരൻ രംഗത്ത്. വ്യക്തിപരമായ പ്രചാരണങ്ങൾ നടത്തി “സിംഗിൾ ഡാൻസ്” കളിക്കാൻ ആരും ശ്രമിക്കരുതെന്നും, അതിലൂടെ പൊതുജനങ്ങളിൽ തെറ്റായ സന്ദേശം പകരാതിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും, അതിന് മുൻപ് വ്യക്തികളെ മുന്നോട്ട് നിർത്തുന്ന പ്രവണത ശരിയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുൻപ് രാഹുൽ ഗാന്ധി പറഞ്ഞ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. സംഘനൃത്തത്തിനിടെ ഒരാൾ ഒറ്റയ്ക്ക് ഡാൻസ് ചെയ്യുന്നത് പോലെ ആകാതിരിക്കണമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇപ്പോൾ അനാവശ്യമായ ചർച്ചകൾക്ക് അർത്ഥമില്ലെന്നും ആവശ്യമായ കാര്യങ്ങൾ ശരിയായ സമയത്ത് നടക്കുമെന്നും പറഞ്ഞു.
ഏതെങ്കിലും ഒരു നേതാവിനെ പിന്തുണച്ച് ഇപ്പോൾ രംഗത്ത് വരുന്നത് ഉചിതമല്ലെന്നും, ഫലം വരുന്ന നാലാം തീയതി വൈകിട്ട് വരെ കാത്തിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തുടർന്ന് പാർട്ടി നിയമങ്ങൾ അനുസരിച്ച് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുകയും, അന്തിമ തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
