നടനും രാഷ്ട്രീയ നേതാവുമായ വിജയ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്റെ തമിഴഗ വെട്രി കലഗം (ടിവികെ) പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ പത്രികയിൽ ക്ഷേമ പദ്ധതികളും സാങ്കേതികവിദ്യാധിഷ്ഠിത ഭരണവും മുൻനിരയിൽ വയ്ക്കുന്ന വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിക്കായി മേഖലാടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു.
പരമ്പരാഗത ക്ഷേമ പദ്ധതികൾക്കൊപ്പം ഭരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ടുവരുമെന്ന് വിജയ് വ്യക്തമാക്കി. വീട്ടമ്മമാർക്ക് പ്രതിമാസം 2,500 രൂപയും തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ അധിഷ്ഠിതമായി 18,000 രൂപയുടെ പിന്തുണയും, ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് 5,000 മുതൽ 8,000 രൂപ വരെ സ്റ്റൈപ്പൻഡും പ്രഖ്യാപിച്ചു.
വൃദ്ധർ, വിധവകൾ, വികലാംഗർ എന്നിവർക്കുള്ള പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്നും ഇത് ഏകദേശം 15 ലക്ഷം പേർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും, ദരിദ്ര യുവതികളുടെ വിവാഹത്തിന് സ്വർണ്ണ നാണയവും പട്ടുസാരിയും ഉൾപ്പെടെയുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു. സർക്കാർ ഭൂമിയിൽ താമസിക്കുന്നവർക്ക് സൗജന്യ വീടുപട്ടയം നൽകുമെന്നും പ്രഖ്യാപിച്ചു.
ആരോഗ്യ രംഗത്ത് സൗജന്യ പരിശോധനകൾ, കുറഞ്ഞ നിരക്കിൽ മരുന്നുകൾ, കാൻസർ രോഗികൾക്ക് പ്രത്യേക ഇൻഷുറൻസ് എന്നിവയും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വീട്ടിനും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ടാപ്പ് വെള്ളം, വർഷത്തിൽ ആറു ഗ്യാസ് സിലിണ്ടറുകൾ എന്നിവയും നൽകുമെന്ന് ഉറപ്പു നൽകി.
കർഷകർക്ക് വേണ്ടി അഞ്ച് ഏക്കറിൽ കൂടുതലുള്ളവർക്ക് 50 ശതമാനം വായ്പ എഴുതിത്തള്ളലും, സൗരോർജ്ജ പദ്ധതികൾ പ്രോത്സാഹിപ്പിക്കലും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് മിനിമം താങ്ങുവില, 1,000 രൂപ സഹായം, മത്സ്യബന്ധനമില്ലാത്ത സീസണിൽ 27,000 രൂപയും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകും.
ജീവനക്കാരുടെ ക്ഷേമത്തിനായി അംഗൻവാടി തൊഴിലാളികൾക്ക് 18,000 രൂപ ശമ്പളവും ശുചിത്വ തൊഴിലാളികൾക്ക് 10,000 രൂപയും ദീർഘകാല സർക്കാർ ജീവനക്കാർക്ക് 15 ലക്ഷം രൂപയുടെ ആനുകൂല്യവും വാഗ്ദാനം ചെയ്തു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി “മയക്കുമരുന്ന് രഹിത തമിഴ്‌നാട്” പദ്ധതി നടപ്പിലാക്കുമെന്നും വിജയ് പറഞ്ഞു. 2036 ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യവും അദ്ദേഹം മുന്നോട്ടുവച്ചു. കൂടാതെ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് 15,000 കോടി രൂപയുടെ സുരക്ഷാ ഫണ്ട് രൂപീകരിക്കുമെന്നും വ്യക്തമാക്കി. ക്ഷേമവും സാങ്കേതിക വികസനവും ചേർന്ന ഈ പ്രകടന പത്രികയുമായി ഏപ്രിൽ 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ ടിവികെ തയ്യാറെടുക്കുകയാണ്.
