കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍

കുംഭമേളയിൽ വൈറലായ പെൺകുട്ടി ഗർഭിണിയായതിനാൽ പൊലീസ് അന്വേഷണത്തിന് മുന്നിൽ ഉടൻ ഹാജരാകാനാകില്ലെന്ന് ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന്, ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്‌ഐയെ അറിയിച്ചതായും ഫർമാൻ ഖാൻ പറഞ്ഞു. ഗർഭിണിയായതിനാൽ യാത്ര ചെയ്യാൻ കഴിയില്ലെന്നാണ് വിശദീകരണം.

കുംഭമേളയ്ക്കിടെ ശ്രദ്ധനേടിയ പെൺകുട്ടിയും ഫർമാൻ ഖാനും മാർച്ച് 11-നാണ് വിവാഹിതരായത്. തുടർന്ന് കേരളത്തിലെത്തി പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങിൽ എം. വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, വി. ജോയ്, എ. എ. റഹീം എന്നിവർ പങ്കെടുത്തു.

ഇതിന് പിന്നാലെ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യുൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മറുപടി രേഖപ്പെടുത്തുക