തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വെടിക്കെട്ട് അപകടം ഹൃദയഭേദകമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 13 പേര്‍ മരിച്ചു, ഏകദേശം നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
