2021ലെ ആത്മവിശ്വാസം ഇന്ന് കോൺഗ്രസിന് ഇല്ല; ഇടതുതുടർച്ച ഉറപ്പെന്ന് എം സ്വരാജ്

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചടക്കം യുഡിഎഫ് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ ഫലം വന്നപ്പോൾ പുതിയ ചരിത്രം സൃഷ്ടിച്ച് എൽഡിഎഫ് അധികാരത്തിലെത്തിയെന്നും എം സ്വരാജ് പറഞ്ഞു. ഭാസ്കര കുമ്പള അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് രണ്ടര വർഷം ഉമ്മൻ ചാണ്ടിയും ശേഷിക്കുന്ന കാലംരമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകണമെന്നായിരുന്നു യുഡിഎഫിന്റെ തീരുമാനമെന്നു സ്വരാജ് ആരോപിച്ചു. 2021ലെ പോലെ ആത്മവിശ്വാസം ഇപ്പോൾ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷ ഭരണതുടർച്ചയുടെ പുതിയ അധ്യായം ഇത്തവണയും ഉണ്ടാകുമെന്ന് സ്വരാജ് പറഞ്ഞു. പെൻഷൻ മുടങ്ങുക, സ്കൂളുകൾ അടയുക, പാഠപുസ്തക വിതരണം വൈകുക, പവർകട്ട് ഉണ്ടാകുക എന്നിവ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ഇടതുപക്ഷത്തിന് പുറമെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യമുണ്ടെന്നും, കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ പുരോഗതി തടസ്സപ്പെടുമെന്നും സ്വരാജ് ആരോപിച്ചു. കേരളത്തിൽ ബിജെപി ഈ ജീവിതകാലത്തിൽ അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിനെയും മറ്റേ കൈ ജമാഅത്തെ ഇസ്ലാമിയെയും ആശ്രയിക്കുന്നുവെന്നാരോപിച്ചും സ്വരാജ് വിമർശനം ഉന്നയിച്ചു.

മറുപടി രേഖപ്പെടുത്തുക