പുതിയ ആണവ വിമാനവാഹിനിക്കപ്പലിന്റെ സൂചന നൽകി ചൈന; നാവിക ശക്തി വർധിപ്പിക്കാൻ നീക്കങ്ങൾ ശക്തം

ചൈനീസ് നാവികസേനയുടെ 77-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ പ്രചാരണ വീഡിയോയിൽ, നാലാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ ചൈന പുറത്തുവിട്ടു. ‘ഇൻടു ദി ഡീപ്’ എന്ന പേരിലുള്ള വീഡിയോയിൽ പുതിയ കപ്പൽ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നതായിരിക്കാമെന്നതാണ് ബീജിംഗിന്റെ സൂചന.

വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന നാവികനായ ‘ഹെ ജിയാൻ’ എന്ന കഥാപാത്രത്തിന്റെ പേര് ചൈനീസ് ഭാഷയിൽ ‘ആണവ കപ്പൽ’ എന്ന ആശയവുമായി ബന്ധമുള്ളതാണെന്ന വ്യാഖ്യാനവും ഉയരുന്നു. ഇത് ആണവ വിമാനവാഹിനിക്കപ്പലിലേക്കുള്ള പരോക്ഷ സൂചനയാണെന്നാണ് നിരീക്ഷണം.

നിലവിൽ ചൈനയുടെ കൈവശമുള്ള Liaoning, Shandong, Fujian എന്നീ മൂന്ന് വിമാനവാഹിനിക്കപ്പലുകളും പരമ്പരാഗത ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ ആണവ കപ്പൽ യാഥാർത്ഥ്യമാകുന്നുവെങ്കിൽ ദീർഘദൂര സമുദ്ര ദൗത്യങ്ങളിൽ ചൈനയുടെ ശേഷി ഗണ്യമായി വർധിക്കും.

തർക്കപ്രദേശങ്ങളായ ദക്ഷിണ ചൈന കടലിലെ ദ്വീപുകളിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും, പരമാധികാരം സംരക്ഷിക്കാൻ സൈനിക ശക്തി ഉപയോഗിക്കാൻ മടിക്കില്ലെന്നും വീഡിയോയിൽ ചൈന ആവർത്തിച്ചു.

അമേരിക്കയുമായി ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി സമുദ്രപരമായ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ നീക്കങ്ങൾ ആഗോളതലത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കാനും തർക്കപ്രദേശങ്ങളിൽ സ്വാധീനം ഉറപ്പിക്കാനും വൻതുക ചെലവഴിച്ചുകൊണ്ടാണ് ചൈന മുന്നേറുന്നത്.

മറുപടി രേഖപ്പെടുത്തുക