മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്തു, അതാണ് ഞങ്ങൾ ചെയ്യുന്നത്: നെതന്യാഹു

മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുന്നതിനായി ഡൊണാൾഡ് ട്രംപ് ഇറാനും ലെബനനും നേരെ ശക്തമായ സാമ്പത്തിക-സൈനിക സമ്മർദ്ദം ചെലുത്തുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

“മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, അത് തന്നെയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപുമായി മികച്ച ആശയവിനിമയം നടത്താൻ കഴിഞ്ഞു. സാമ്പത്തികമായും സൈനികമായും ശക്തമായ സമ്മർദ്ദമാണ് അദ്ദേഹം ചെലുത്തുന്നത്, ഞങ്ങൾ പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്,” നെതന്യാഹു വ്യക്തമാക്കി.

ലെബനനുമായി ബന്ധപ്പെട്ടും സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇസ്രായേൽ-ലെബനൻ ബന്ധത്തിൽ ചരിത്രപരമായ സമാധാനത്തിന് വഴിയൊരുക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഹിസ്ബുള്ള അത് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

അതേസമയം, ഉയർന്നുവരുന്ന ഭീഷണികൾ ഉൾപ്പെടെ ഏതൊരു ഭീഷണിയെയും നേരിടാൻ ഇസ്രായേൽ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നിലനിർത്തുന്നുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക