അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ശക്തവും സമഗ്രവുമായ നിയമനിർമാണം അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രിക്ക് അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്.
ഇത്തരം ആപ്പുകൾ നടത്തുന്ന പണം തട്ടിപ്പ്, ഡാറ്റ ചോർച്ച, സൈബർ അധിക്ഷേപം തുടങ്ങിയവയെ ജാമ്യമില്ലാ കുറ്റങ്ങളായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധന, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സംയുക്ത ദൗത്യസംഘം രൂപീകരിച്ച് ഈ ശൃംഖല തകർക്കണമെന്നും ബാങ്ക് അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
റിസർവ് ബാങ്ക് നിർദേശിക്കുന്ന പരിധിക്ക് മുകളിൽ പലിശ ഈടാക്കുന്നത് തടയണമെന്നും, പ്രോസസ്സിംഗ് ഫീസ് ഉൾപ്പെടെയുള്ള ചാർജുകൾക്ക് വ്യക്തമായ പരിധി നിശ്ചയിക്കണമെന്നും കത്തിൽ പറയുന്നു. ഉപഭോക്താക്കളുടെ കോൺടാക്റ്റുകളും ഗാലറിയും ആക്‌സസ് ചെയ്യുന്നതിന് ആപ്പുകൾക്ക് അനുമതി നൽകുന്നത് പൂർണമായി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതും തടയാൻ ശക്തമായ നിയമപരിരക്ഷ വേണമെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇത്തരം പരാതികൾ പരിഹരിക്കാൻ പ്രത്യേക ഹെൽപ്‌ലൈൻ അല്ലെങ്കിൽ പോർട്ടൽ സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, നിയമപരമായ വായ്പാ ആപ്പുകളുടെ പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആർബിഐ അംഗീകാരം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കണമെന്നും, സെലിബ്രിറ്റികൾ ഇത്തരം ആപ്പുകൾ പ്രമോട്ട് ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത ലോൺ ആപ്പുകളുടെ ഭീഷണി മൂലം രാജ്യത്തുടനീളം നിരവധി ആത്മഹത്യകളും മാനസിക പീഡനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം ആപ്പുകളുടെ കടുത്ത സമ്മർദ്ദം മൂലം നിരവധി കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
