ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നിതിൻ നബിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ മാത്രമാണ് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതെന്ന് ആരോപിച്ച്, രാഹുൽ ഗാന്ധിയെ ‘പാർട്ട് ടൈം രാഷ്ട്രീയക്കാരൻ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഏപ്രിൽ 29ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂരിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് നബിന്റെ പ്രതികരണം. ഐഎഎൻഎസിനോട് സംസാരിക്കവെ, രാഹുൽ ഗാന്ധി ഏതെങ്കിലും പ്രസ്ഥാനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ, ജനപ്രശ്നങ്ങളിൽ സ്ഥിരമായി പ്രതികരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴേ കോൺഗ്രസ് നേതാവ് രംഗത്തെത്താറുള്ളുവെന്നാരോപിച്ച നബിൻ, “ഇത്തരത്തിലുള്ള പാർട്ട് ടൈം രാഷ്ട്രീയക്കാരുമായി ബംഗാളിലെ ജനങ്ങൾക്ക് ബന്ധമില്ല” എന്നും പറഞ്ഞു.
കൂടാതെ, അടുത്തിടെ രാഹുൽ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരുമിച്ച് എത്തുന്ന സാഹചര്യം കാണാമെന്നും, അവരുടെ ‘ഇന്ത്യ’ സഖ്യം തകരുകയാണെന്നും നബിൻ ആരോപിച്ചു. ബിജെപിക്ക് അത്തരത്തിൽ സഖ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാംപൂരിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനർജിയും “ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ” ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
