ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ ഇതേ നിലപാടായിരുന്നോ; ആരോഗ്യമന്ത്രിക്കെതിരെ ശോഭ സുരേന്ദ്രന്റെ വിമർശനം

പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റെ സഹായത്തോടെ രോഗിയുടെ മുറിവ് ഡ്രസ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആരോഗ്യ വകുപ്പിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് അവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

“ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ ഇതേ നിലപാടായിരുന്നോ?” എന്ന ചോദ്യമുയർത്തിയാണ് ശോഭ സുരേന്ദ്രൻ ആരോഗ്യമന്ത്രിയെ വിമർശിച്ചത്. പാലോട് സിഎച്ച്സിയിൽ രോഗിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഡ്രസ് ചെയ്യേണ്ടി വന്നത് ഡോക്ടർമാരുടെ പരാജയമല്ലെന്നും, പ്രവർത്തനക്ഷമമായ ജനറേറ്റർ പോലും ഇല്ലാത്ത സർക്കാർ ആശുപത്രി സംവിധാനത്തിന്റെ പരാജയമാണെന്നും അവർ ആരോപിച്ചു.

ഗുരുതരമായ ഈ വീഴ്ച ഏറ്റുപറയുന്നതിനുപകരം പ്രതികൂല സാഹചര്യങ്ങളിലും സേവനം അനുഷ്ഠിച്ച ഡോക്ടർമാരെയാണ് ആരോഗ്യമന്ത്രി ചോദ്യം ചെയ്തതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇത് വെറും അരമണിക്കൂർ നീണ്ട വൈദ്യുതി മുടക്കത്തിന്റെ പ്രശ്നമല്ല, മറിച്ച് സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യ സംവിധാനത്തിന്റെ യഥാർഥ മുഖമാണെന്നും അവർ പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാർ, ആശുപത്രികളിൽ അടിയന്തര വൈദ്യുതി ബാക്കപ്പ് പോലും ഉറപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങൾക്കും രോഗികൾക്കും വ്യക്തമായ മറുപടിയും സുരക്ഷിതവും മാന്യവുമായ ചികിത്സയും ലഭിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക