ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രാജ്യത്ത് ഒരു വിശാലമായ ബ്ലോക്ക് രൂപപ്പെടണമെന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തെയും നിലപാട്: എം.എ. ബേബി

ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രാജ്യത്ത് ഒരു വിശാലമായ ബ്ലോക്ക് രൂപപ്പെടണമെന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ബി.ജെ.പി.ക്കെതിരായ ശക്തമായ പോരാട്ടത്തിന് വേണ്ടിയാണ് ‘ഇന്ത്യ’ മുന്നണി രൂപീകരിച്ചതെന്നും, ഈ മുന്നണിയിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളോട് കാണിക്കേണ്ട ചില മര്യാദകളും അന്തസ്സുമുണ്ട്. എന്നാൽ, സി.പി.ഐ.എം. ബി.ജെ.പി.യുമായി രഹസ്യ ഡീലുണ്ടാക്കിയെന്ന ആരോപണം കോൺഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം വന്ന് പറയുകയാണ്. ഈ വിഷയങ്ങളെല്ലാം കത്തിൽ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിലായാണ് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിയുമായി ബന്ധപ്പെട്ട് വിവിധ കീഴ്ഘടകങ്ങൾ നൽകിയ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിശദമായി ചർച്ച ചെയ്തിരുന്നു.

സെക്രട്ടറിയേറ്റ് ചർച്ചകളുടെ തുടർച്ചയായ വിലയിരുത്തലുകളും പാർട്ടി നേരിട്ട വീഴ്ചകളെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കലുമാണ് രണ്ട് ദിവസം നീളുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. ഈ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന അന്തിമ റിപ്പോർട്ടിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും പാർട്ടിയിൽ ഭാവിയിൽ വരുത്തേണ്ട തിരുത്തൽ നടപടികൾക്ക് രൂപം നൽകുക.

മറുപടി രേഖപ്പെടുത്തുക