മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുതുജീവിതത്തിന്റെ തുടക്കം. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് പ്രദേശത്ത് മുസ്ലിം ലീഗ് നിർമിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് പൂർത്തിയായി. ദുരന്തത്തിൽ ഉറ്റവരടക്കം സർവ്വവും നഷ്ടമായ 51 കുടുംബങ്ങളാണ് ഇനി ഈ വീടുകളിൽ താമസം ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഫെബ്രുവരി 28ന് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നേതാക്കളുടെ സാന്നിധ്യത്തിൽ ഒരുമിച്ച് താമസം ആരംഭിക്കാമെന്നായിരുന്നു കുടുംബങ്ങളുടെ തീരുമാനം. കഴിഞ്ഞ 25ാം തീയതി മുതൽ ചില കുടുംബങ്ങൾ താമസം തുടങ്ങിയിരുന്നു. ഇന്നത്തെ ചടങ്ങോടെയാണ് എല്ലാ 51 കുടുംബങ്ങളും പൂർണമായും താമസം ആരംഭിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിക്കലി തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വളരെ വേഗത്തിൽ വീടുകൾ നിർമ്മിച്ച് നൽകാനായതിൽ സന്തോഷമുണ്ടെന്ന് സാദിക്കലി തങ്ങൾ പറഞ്ഞു.
രണ്ടാം ഘട്ടമായി 25 വീടുകൾ ജൂൺ 15നകം പൂർത്തിയാക്കുമെന്നും, ശേഷിക്കുന്ന വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
