മാഡ്രിഡ് ഓപ്പണിൽ ശ്രദ്ധേയ മുന്നേറ്റവുമായി അനസ്താസിയ പൊട്ടപ്പോവ സെമിഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ കരോലിന പ്ലിസ്‌കോവയെ 6-1, 6-7(4), 6-3 എന്ന സ്കോറിന് തോൽപ്പിച്ചാണ് പൊട്ടപ്പോവ അവസാന നാലിലെത്തിയത്. ഇതോടെ WTA 1000 ടൂർണമെന്റിലെ സെമിയിൽ എത്തുന്ന ആദ്യ “ലക്കി ലൂസർ” എന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി.
കഴിഞ്ഞ ആഴ്ച യോഗ്യതാ റൗണ്ടിൽ തോറ്റിരുന്നെങ്കിലും അപ്രതീക്ഷിതമായി മെയിൻ ഡ്രോയിലേക്ക് എത്തിയ പൊട്ടപ്പോവ, ലഭിച്ച അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. മത്സരത്തിനിടെ മൂന്ന് മാച്ച് പോയിന്റുകൾ നഷ്ടപ്പെടുത്തിയിട്ടും, മുൻ ലോക ഒന്നാം നമ്പർ പ്ലിസ്‌കോവയെ മറികടന്ന് വിജയം കൈവരിച്ചു.
മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ജെലീന ഒസ്റ്റാപെങ്കോയും ലോക രണ്ടാം നമ്പർ താരം എലീന റൈബാകിനയെയും തോൽപ്പിച്ചാണ് പൊട്ടപ്പോവയുടെ ഈ മുന്നേറ്റം.
യോഗ്യതാ റൗണ്ടിൽ പുറത്തായ ശേഷം സെമിയിലെത്തുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന്, സീഡ് ചെയ്യപ്പെടാത്ത താരം പ്രതികരിച്ചത്: “ഇല്ല, ഒരിക്കലും അങ്ങനെ കരുതിയില്ല. അതാണ് ഈ കായിക വിനോദത്തിന്റെ സൗന്ദര്യം. എനിക്ക് രണ്ടാമത്തെ അവസരം ലഭിച്ചു, ഇപ്പോൾ ഞാൻ ഇവിടെ എത്തി. ഞാൻ വളരെ സന്തോഷവതിയാണ് . ജീവിതത്തിൽ ഇതിലും മികച്ചത് ഇപ്പോൾ വേണമെന്നില്ല,” എന്നായിരുന്നു.
