നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി. 85,327 വോട്ടിന്റെ ലീഡോടെയാണ് അദ്ദേഹം ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയടക്കം യുഡിഎഫിലെ ഒമ്പത് സ്ഥാനാര്‍ഥികള്‍ അരലക്ഷത്തിലധികം ഭൂരിപക്ഷം നേടുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടിക്കു പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങളും മുസ്ലീം ലീഗിനായിരുന്നു. തിരൂരങ്ങാടിയില്‍ പി.എം.എ. സമീര്‍ 63,387 വോട്ടിന്റെയും, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ 62,638 വോട്ടിന്റെയും ഭൂരിപക്ഷത്തോടെ വിജയിച്ചു. ആകെ ആറു ലീഗ് സ്ഥാനാര്‍ഥികള്‍ക്കാണ് ഇത്തവണ 50,000-ത്തിലധികം വോട്ടിന്റെ ലീഡ് ലഭിച്ചത്.
കോണ്‍ഗ്രസിനും ശ്രദ്ധേയമായ നേട്ടമുണ്ടായി. അഡ്വ. എം. റഹ്മത്തുല്ല (മഞ്ചേരി) 57,887, ടി.പി. അഷ്റഫ് അലി (കൊണ്ടോട്ടി) 56,017, ആര്യാടന് ഷൗക്കത്ത് (നിലമ്പൂര്‍) 54,851, ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി) 52,907, ടി.വി. ഇബ്രാഹിം (വള്ളിക്കുന്ന്) 51,289, ഉമ തോമസ് (തൃക്കാക്കര) 50,211 എന്നിങ്ങനെയാണ് മറ്റു വലിയ ഭൂരിപക്ഷ വിജയങ്ങള്‍.
മുന്‍പ് ഏറ്റവും വലിയ ഭൂരിപക്ഷ വിജയം സ്വന്തമാക്കിയിരുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്ന് മത്സരിച്ച സിപിഎം നേതാവ് കെ കെ ശൈലജ ആയിരുന്നു. 60,963 വോട്ടിനായിരുന്നു അന്ന് വിജയം. എന്നാല്‍ ഈ തവണ കുഞ്ഞാലിക്കുട്ടിയും സമീറും ആബിദ് ഹുസൈന് തങ്ങളും ആ റെക്കോര്‍ഡ് മറികടന്നു.
മലപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി ആകെ 1,30,666 വോട്ടുകള്‍ നേടി. അടുത്ത എതിരാളിയായ എന്‍സിപി സ്ഥാനാര്‍ഥി കെ.ടി. മുജീബ് റഹ്മാന് 45,934 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി ആശ്വതി 9,030 വോട്ടുകളും നേടി.
