നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ ഉണ്ടായ തിരിച്ചടിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ കെ ശൈലജ . മത്സരിക്കാൻ തനിക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും പാർട്ടി നിർബന്ധിച്ച് പേരാവൂരിലേക്ക് അയച്ചതാണെന്നും, അവിടെ വിജയം പ്രയാസകരമാണെന്ന് മുൻകൂട്ടി എല്ലാവർക്കും അറിയാമായിരുന്നുവെന്നും അവർ യോഗത്തിൽ തുറന്നുപറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയ്ക്ക് ഇത്തവണ പേരാവൂരിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളിലും വോട്ടുചോർച്ച ഉണ്ടായതായാണ് വിലയിരുത്തൽ.
3000-ത്തിലധികം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിടത്ത് വെറും 1500 വോട്ടിന്റെ മുൻതൂക്കം മാത്രമാണ് ലഭിച്ചത്. മണ്ഡലത്തിലെ 25 ബൂത്തുകളിൽ 12 ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ സണ്ണി ജോസഫ് മുന്നിലെത്തി. സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ പോലും സണ്ണി ജോസഫ് ഏകദേശം 2200 വോട്ടിന്റെ ലീഡ് നേടിയത് പാർട്ടിയെ അമ്പരപ്പിച്ചു.
മുഴക്കുന്ന് പഞ്ചായത്തിൽ എൽഡിഎഫിന് ലഭിച്ചത് ഏകദേശം 700 വോട്ടിന്റെ ലീഡ് മാത്രമായിരുന്നു. പേരാവൂർ പഞ്ചായത്തിൽ 1500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് 300ൽ താഴെ വോട്ടുകൾ മാത്രമായതും സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
