യുഡിഎഫിനുള്ളിലെ അധികാര തർക്കങ്ങളും ഘടകകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, മുസ്ലിം ലീഗിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. “ലീഗിന് ഒരേയൊരു നിലപാടേയുള്ളൂ, അത് എഐസിസി നിരീക്ഷകരെ അറിയിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മുസ്ലിം ലീഗിന്റെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടൽ സംബന്ധിച്ച് നടത്തിയ പരാമർശം വലിയ പ്രശ്‌നമായി കാണുന്നില്ലെന്നും പി.എം.എ. സലാം പ്രതികരിച്ചു.
യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസ് ലീഗിനോട് അഭിപ്രായം ചോദിച്ചോയെന്ന ചോദ്യത്തിന്, ഇന്ന് എഐസിസി നിരീക്ഷകർ ലീഗ് നേതാക്കളുമായി ചർച്ച നടത്തുന്നുണ്ടെന്നും അതിൽ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ജനങ്ങളുടെ അഭിപ്രായം മാനിച്ചേ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാവൂ” എന്ന മുൻ നിലപാടിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന്, “ഒരു മാറ്റവുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്. അവരുടെ അഭിപ്രായത്തിന് വില നൽകണം എന്നതാണ് ഞങ്ങളുടെ നിലപാട്. മുസ്ലിം ലീഗ് വാക്ക് മാറ്റുന്ന പാർട്ടിയല്ല,” എന്നും പി.എം.എ. സലാം പറഞ്ഞു.
