മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി വീണ്ടും തുറന്ന് പറഞ്ഞ് പാലാ എംഎൽഎ മാണി സി കാപ്പൻ. തന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്താൻ പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഒറ്റ എംഎൽഎ മാത്രമുള്ള പാർട്ടിക്ക് കൂടുതൽ മന്ത്രി സ്ഥാനങ്ങൾ നൽകാനാകില്ലെന്നായിരുന്നു ബന്ധപ്പെട്ട ഘടകക്ഷിയുടെ നിലപാടെന്ന് മാണി സി കാപ്പൻ ആരോപിച്ചു. തങ്ങൾക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടായിട്ടും അധിക മന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റൊരു പാർട്ടിക്ക് ആ അവസരം നൽകേണ്ടതില്ലെന്നാണ് ആ നേതാവ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച അവസരം കോൺഗ്രസ് മുതലാക്കിയെന്നും മാണി സി കാപ്പൻ വിമർശിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിജയത്തിന് ശേഷം ക്യാബിനറ്റ് പദവി നൽകുന്നതിനെ ഒരു പ്രത്യേക ഘടകക്ഷി എതിർത്തുവെന്നും, ആ പാർട്ടി ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും മാധ്യമങ്ങളോട് മാണി സി കാപ്പൻ പ്രതികരിച്ചു.
