10 വർഷത്തിനകം യുഎസ് സാമ്പത്തിക സഹായം വേണ്ടെന്നുവയ്ക്കാൻ ഇസ്രായേൽ

അടുത്ത ദശാബ്ദത്തിനുള്ളിൽ അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക സഹായം കുറയ്ക്കാനോ പൂർണ്ണമായി അവസാനിപ്പിക്കാനോ ലക്ഷ്യമിടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസുമായി നിലവിലുള്ള സാമ്പത്തിക–സൈനിക ബന്ധം പുനഃപരിശോധിക്കേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ വിദേശ സഹായം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 1948 മുതൽ അമേരിക്കയിൽ നിന്ന് 300 ബില്യൺ ഡോളറിലധികം സാമ്പത്തികവും സൈനികവുമായ സഹായം രാജ്യം നേടിയിട്ടുണ്ട്. 2016-ൽ ഒപ്പുവച്ച കരാർ പ്രകാരം 2028 വരെ 38 ബില്യൺ ഡോളർ സൈനിക സഹായം നൽകുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ അയൺ ഡോം പ്രതിരോധ സംവിധാനത്തിനുള്ള 5 ബില്യൺ ഡോളറും ഉൾപ്പെടുന്നു.

സിബിഎസ് ചാനലിന്റെ “60 മിനിറ്റ്സ്” അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കയുമായി ഉള്ള സാമ്പത്തിക ബന്ധം പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“തീർച്ചയായും. ഞാൻ ഇത് പ്രസിഡന്റ് ട്രംപിനോട് പോലും പറഞ്ഞിട്ടുണ്ട്. നമ്മുടെ സൈനിക സഹകരണത്തിന്റെ സാമ്പത്തിക ആശ്രയം പൂജ്യത്തിലേക്ക് കുറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് നെതന്യാഹു പറഞ്ഞു. ഇത് അടുത്ത പത്ത് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കയിൽ ഇസ്രായേലിനുള്ള പൊതുജന പിന്തുണ കുറയുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്യൂ റിസർച്ച് പോലുള്ള സർവേകൾ പ്രകാരം അമേരിക്കക്കാർക്കിടയിൽ ഇസ്രായേലിനെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായം വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയിലെ യുദ്ധമാണ് ഈ മാറ്റത്തിന് കാരണമെന്ന വാദം നെതന്യാഹു തള്ളിക്കളഞ്ഞു. മറിച്ച്, സോഷ്യൽ മീഡിയയിലെ “കൃത്രിമത്വം” ആണ് അമേരിക്കൻ അഭിപ്രായമാറ്റത്തിന് പ്രധാന കാരണം എന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രായേൽ–അമേരിക്ക ബന്ധത്തിലെ ഈ പുതിയ നിലപാട് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക