കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിനുള്ളിൽ തുടരുന്ന തർക്കങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് അദ്ദേഹം ചർച്ചയാക്കിയത്.

എക്സ് പ്ലാറ്റ്‌ഫോമിൽ ആദിത്യ ജാക്കി എന്ന അക്കൗണ്ടിൽ വന്ന ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. “കെ സി വേണുഗോപാൽ കേരളത്തിൽ വേണമെന്നത് കേരള ബിജെപിയുടെ ആഗ്രഹം, എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം” എന്നായിരുന്നു ആ പോസ്റ്റിലെ പരാമർശം.

ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ നൽകിയ പ്രതികരണം ശ്രദ്ധേയമായി. “ഇത് സത്യമാണോ അല്ലയോ എന്ന് തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല” എന്ന അടിക്കുറിപ്പാണ് അദ്ദേഹം കുറിച്ചത്. കൂടാതെ ചിരിക്കുന്ന ഇമോജികളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾക്കിടയിൽ വന്ന ഈ പ്രതികരണം രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക