ഇ.പി. ജയരാജന്റെയും ഭാര്യയുടെയും പേരിൽ അവഹേളനപരമായ പരാമർശങ്ങളടങ്ങിയ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇ.പി. ശ്യാംജിത്ത്. പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശ്യാംജിത്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
താൻ ഇപ്പോൾ ശബരിമലയിലാണെന്നും സംഭവവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് വിശദീകരണം തേടുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഇത്തരം വിഷയങ്ങൾ വാർത്തയാക്കുന്നതിന് മുമ്പ് തന്നെ നേരിട്ട് ബന്ധപ്പെട്ട് വസ്തുതകൾ ഉറപ്പുവരുത്തണമെന്ന് മാധ്യമപ്രവർത്തകരോട്, പ്രത്യേകിച്ച് റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളോട്, ശ്യാംജിത്ത് അഭ്യർഥിച്ചു.
ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ട് വിശദീകരിക്കുമെന്നും വസ്തുതകൾ മനസ്സിലാക്കിയശേഷം മാത്രം പ്രതികരിക്കണമെന്നും ശ്യാംജിത്ത് കുറിപ്പിൽ ആവശ്യപ്പെട്ടു.
