എസ്എംഎ മരുന്ന് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം; കമ്പനിക്കെതിരെ പരാതിയില്ലെന്ന് പി.കെ. ശ്രീമതി

എസ്എംഎ ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്ത മരുന്നിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിലപാട് വിശദീകരിച്ച് സിപിഐഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതി. മരുന്നിനെക്കുറിച്ചോ നിർമാതാക്കളായ കമ്പനിയെക്കുറിച്ചോ പാർട്ടി ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ‘ഫോർ ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ മരുന്ന് മതിയായ വിശദീകരണമില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും വിതരണം ചെയ്തതിനെയാണ് വിമർശിച്ചതെന്നും ശ്രീമതി പറഞ്ഞു. ജനറിക് മരുന്നുകൾക്ക് സിപിഐഎം ഒരിക്കലും എതിരായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നാറ്റ്കോ ഫാർമയുടെ ‘നാറ്റ്സ്മാർട്ട്’ എന്ന ജനറിക് മരുന്ന് സംസ്ഥാനത്തെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. മരുന്നിന്റെ കവറിൽ ‘ഫോർ ക്ലിനിക്കൽ ട്രയൽ ബാർ ഫിസിഷ്യൻസ് സാംപിൾ’ എന്ന് രേഖപ്പെടുത്തിയിരുന്നതാണ് ചർച്ചകൾക്ക് വഴിവച്ചത്. കുട്ടികളിൽ മരുന്നുപരീക്ഷണം നടത്തുകയാണോ, ടെൻഡർ നടപടികൾ പാലിച്ചിട്ടുണ്ടോ, മരുന്ന് വിതരണം ചെയ്യാൻ കമ്പനിക്ക് അനുമതി ലഭിച്ചത് എങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങൾ മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, വീണാ ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

എന്നാൽ, വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾക്ക് പകരം ചെലവ് കുറഞ്ഞ ജനറിക് മരുന്നുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന നിലപാടുമായി ആരോഗ്യരംഗത്തെ വിദഗ്ധരും രംഗത്തെത്തി. ഡോ. ബി. ഇക്ബാൽ, ഡോ. രാമൻകുട്ടി തുടങ്ങിയവർ നാറ്റ്സ്മാർട്ട് മരുന്നിനെ അനുകൂലിച്ച് പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. ജനറിക് മരുന്നുകളുമായി ബന്ധപ്പെട്ട ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, വിദഗ്ധ സമിതിയുടെ സാന്നിധ്യത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്ന് വിതരണം നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. സിപിഐഎം ഉന്നയിച്ച ചോദ്യങ്ങൾക്ക് പലരും മറുപടി നൽകിയിട്ടുണ്ടെന്നും തന്റെ വിശദീകരണം നിയമസഭയിൽ നൽകുമെന്നും മന്ത്രി പ്രതികരിച്ചു.

മരുന്നിന്റെ ഗുണനിലവാരത്തെയോ നിർമാതാക്കളെയോ ചോദ്യം ചെയ്യുകയല്ല, മറിച്ച് വിതരണത്തിലെ നടപടിക്രമങ്ങളെക്കുറിച്ചാണ് ആശങ്ക ഉന്നയിച്ചതെന്ന വിശദീകരണമാണ് ഇപ്പോൾ പി.കെ. ശ്രീമതി മുന്നോട്ടുവയ്ക്കുന്നത്. മാതാപിതാക്കളുടെ ആശങ്ക പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. എന്നാൽ ടെൻഡർ നടപടികൾ പാലിച്ചിട്ടുണ്ടോ, ആവശ്യമായ വിശദീകരണങ്ങൾ നൽകിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ വിവാദത്തിൽ തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക