അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആക്രമണമുണ്ടായാൽ ഗൾഫിലെ ഏഴ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങൾ, ഡാറ്റാ സെന്ററുകൾ, നിർമിതബുദ്ധി സംവിധാനങ്ങൾ, ഇന്റർനെറ്റ് കേബിളുകൾ എന്നിവ ലക്ഷ്യമിടുമെന്ന് ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ഉദ്യോഗസ്ഥൻ യദൊല്ല ജവാനിയും സമാനമായ പരാമർശം നടത്തിയിരുന്നു.
കടലിനടിയിലെ കേബിളുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനൊപ്പം അറ്റകുറ്റപ്പണികൾ തടസ്സപ്പെടുത്തി ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളുടെ പ്രവർത്തനം ദീർഘകാലത്തേക്ക് തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്. കേബിളുകൾ തകരാറിലായാൽ സാമ്പത്തിക ഇടപാടുകൾ, ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളെയും ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധസാഹചര്യത്തിൽ കേബിളുകൾ പുനഃസ്ഥാപിക്കുന്നത് ഇൻഷുറൻസ് ചെലവുകൾ വർധിക്കുന്നതും സമുദ്രപരിധികളിൽ അറ്റകുറ്റപ്പണികൾക്കുള്ള അനുമതി ലഭിക്കുന്നതിലെ കാലതാമസവും കാരണം കൂടുതൽ സങ്കീർണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
