ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം; ടിവികെയും ഡിഎംകെയും തമ്മിൽ വാക്പോര് ശക്തം

നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളെച്ചൊല്ലി തമിഴ്നാട്ടിൽ ടിവികെയും ഡിഎംകെയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. ധനുഷിന്റെ പേര് പരാമർശിക്കാതെ ടിവികെയെ ലക്ഷ്യമിട്ട് മന്ത്രി ആധവ് അർജുന വിമർശനം ഉന്നയിച്ചു.

പുതിയതായി ആരെത്തിയാലും ടിവികെയ്ക്ക് വിഷയമല്ലെന്നും ഡൽഹിയിൽനിന്ന് ആരെ പാക്ക് ചെയ്ത് അയച്ചാലും അത് പാർട്ടിയെ ബാധിക്കില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത് തലം മുതലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും 2029ൽ പ്രധാനമന്ത്രി ആരാകണമെന്ന് ടിവികെ സഖ്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെയ്ക്ക് ഭയമാണെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. ഭയമുള്ളവരാണ് ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നതെന്ന് മുൻമന്ത്രി ശേഖർബാബു വിമർശിച്ചു.

ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഇരുപാർട്ടികളുടെയും നേതാക്കൾ പരസ്പരം വിമർശനം ശക്തമാക്കിയതോടെ വിഷയം തമിഴ്നാട് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്.

മറുപടി രേഖപ്പെടുത്തുക